ലണ്ടൻ: യെമന്റെ തെക്ക് ഏദൻ ഉൾക്കടലിൽ രാസവസ്തുക്കൾ കയറ്റിയ ടാങ്കർ കപ്പൽ തട്ടിയെടുക്കപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരല്ല, സൊമാലിയയിലെ കടൽക്കൊള്ളക്കാരാണു സംഭവത്തിനു പിന്നിലെന്നും സൂചനയുണ്ട്.
അസാന എന്നു പേരുള്ള കപ്പൽ സൊമാലിയയിലെ ബൊസാസോ തുറമുഖത്തേക്കു പോകുകയായിരുന്നു. ആയുധധാരികളായ കടൽക്കൊള്ളക്കാർ കപ്പലിൽ കയറി നിയന്ത്രണം ഏറ്റെടുത്തു.
കപ്പലിന്റെ രജിസ്ട്രേഷൻ ഏതു രാജ്യത്താണെന്നു വ്യക്തമല്ല. ടാങ്കറിനെ സഹായിക്കാൻ ശ്രമിക്കുമെന്ന് ഏദൻ ഉൾക്കടലിലും ചെങ്കടലിലും സജീവമായ യൂറോപ്യൻ യൂണിയൻ നാവികദൗത്യ വിഭാഗം അറിയിച്ചു. മേഖലയിൽ ദക്ഷിണകൊറിയയുടെ ഒരു യുദ്ധക്കപ്പലുണ്ടെന്നാണ് റിപ്പോർട്ട്.